ഡോ . ജേസൺ ഫങ്
നിങ്ങളുടെ ഡോക്ടർ നിങ്ങളോട് ആഹാരക്രമത്തെ കുറിച്ച് സംസാരിക്കാറുണ്ടോ? സാധ്യതയില്ല. ഞാൻ മനസ്സിലാക്കിയേടത്തോളം അവർക്കതിൽ വളരെയൊന്നും പഠനം ലഭിച്ചിട്ടില്ല. രോഗങ്ങളും ചികിത്സയും സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടിൽ ഏതാനും ദശാബ്ദങ്ങളായി വമ്പിച്ച മാറ്റങ്ങളുണ്ടായിട്ടുണ്ട്. വളരെ പതുക്കെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്നതിനാൽ മിക്കവാറും ഡോക്ടർമാർ അത് അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. നിങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരാൾ എന്നതിൽ നിന്ന് നിങ്ങൾക്ക് മരുന്നുകളും ശസ്ത്രക്രിയകളും നൽകുന്ന ഒരാൾ എന്ന നിലയിലേക്ക് ഡോക്ടർ മാറിയിട്ടുണ്ട്. ഞാൻ വിശദീകരിക്കാം.
ഒരു ഡോക്ടറുടെ ഉത്തരവാദിത്തം എന്നത് രോഗിയെ സുഖപ്പെടുത്തലും അയാളെ ആരോഗ്യവാനായി ജീവിക്കാൻ പ്രാപ്തനാക്കുകയുമാണ്.
പഴയ കാലത്ത് ചില ചികിത്സ രീതികളുണ്ടായിരുന്നു. അട്ടയെ കൊണ്ട് കടിപ്പിക്കുക,ഛർദിപ്പിക്കുക , മമ്മികളെ പൊടിച്ചുണ്ടാക്കിയ പൊടി കലക്കി കൊടുക്കുക തുടങ്ങി പലതും.
അത്ഭുതപ്പെടേണ്ട, മമ്മി ചികിത്സ ഒരു യാഥാർഥ്യമായിരുന്നു. മമ്മിയാക്കി സൂക്ഷിക്കപ്പെട്ടിരുന്ന ശവശരീരങ്ങളുടെ അവശിഷ്ടങ്ങൾ പൊടിച്ചു കുപ്പിയിലാക്കി വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ രോഗങ്ങൾക്കും ഇത് മരുന്നാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. ഇതിൻ്റെ ആവശ്യം ലഭ്യതയെ കടത്തിവെട്ടിയപ്പോൾ തെരുവുകളിൽ മരിച്ചു വീഴുന്നവരെയും പ്ലേഗ് വന്നു മരിച്ചവരെയുമെല്ലാം മമ്മികളെന്ന പേരിൽ പൊടിച്ചു വിൽക്കാൻ തുടങ്ങി.
മരുന്നുകളുടെ ചരിത്രം പ്ലാസിബോകളുടെ ചരിത്രം കൂടിയാണ്.
മമ്മി ചികിത്സ പതിനാറാം നൂറ്റാണ്ടിൽ അവസാനിച്ചപ്പോൾ പകരം അതുപോലുള്ള പ്രയോജനരഹിതമായ ചികിത്സകൾ പലതും രംഗത്ത് വന്നു. അതിലൊന്ന് ലോബോടോമി (lobotomy) എന്നറിയപ്പെടുന്ന മനോരോഗചികിത്സയായിരുന്നു.
ഐസ് കൊണ്ടുണ്ടാക്കിയ ഒരു സൂചി നിങ്ങളുടെ കണ്ണിലൂടെ അകത്തു കയറ്റി തലച്ചോറിൻ്റെ ഒരു ഭാഗം ഉടച്ചു കളയും എന്നാണ് അതിന്റെ ആളുകൾ അവകാശപ്പെട്ടിരുന്നത്. പുഴുങ്ങിയ ഉരുളക്കിഴങ്ങു ഉടക്കുന്നതുപോലെ. ഈ ചികിത്സയുടെ ഉപജ്ഞാതാവിന്നു 1949 ലെ നോബൽ പ്രൈസ് ലഭിച്ചു. ഈ ചികിത്സയെ വിമർശിച്ചവർക്ക് അന്ന് ലഭിച്ച മറുപടി , നിങ്ങൾക്ക് നോബൽ പ്രൈസ് കിട്ടിയിട്ടുണ്ടോ എന്നായിരുന്നു.
ചികിത്സാരീതികളെ കുറിച്ചുള്ള പ്രയോജനരഹിതം, വേദനാജനകം എന്നീ കാഴ്ചപ്പാടുകൾ മാറിയത് ആൻ്റി ബയോട്ടിക്കുകളുടെ കണ്ടുപിടുത്തതോടെയായിരുന്നു, 1928 ൽ പെൻസിലിൻ കണ്ടുപിടിച്ചതോടെ. ആദ്യമായി പ്രയോജനകരമായ ഒരു ചികിത്സ രംഗത്ത് വന്നു. ഇരുപതാം നൂറ്റാണ്ടിൽ നമ്മെ ഏറ്റവും കൂടുതൽ പേടിപ്പിച്ചിരുന്ന പല പകർച്ചവ്യാധികളെയും ആൻറി ബയൊട്ടീക്കുകളിലൂടെ സുഖപ്പെടുത്താൻ കഴിഞ്ഞു. ഡോക്ടർമാർക്ക് ഉപകാരപ്രദമായ ഒരു ചികിത്സ ആദ്യമായി പ്രയോഗിക്കാൻ കഴിഞ്ഞു. മമ്മി ചികിത്സയും കണ്ണിൽ സൂചി കയറ്റുകയുമല്ലാത്ത ഒരു ചികിത്സ.
അതേപോലെ മയക്കുമരുന്നുകളും ആധുനിക ശസ്ത്രക്രിയാരീതികളും കണ്ടുപിടിച്ചതോടെ അപ്പെൻഡിസൈറ്റിസ് , പിത്തസഞ്ചിയിലെ കല്ല് തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായി. മുൻപ് ശസ്ത്രക്രിയകൾ ഭീകരമായ ഒരു .അനുഭവമായിരുന്നു.അനസ്തേഷ്യയില്ല, വേദനാസംഹാരികളില്ല, ആൻടി ബയോട്ടിക്കുകളില്ല . ശസ്ത്രക്രിയക്കു ശേഷമുള്ള പ്രശ്നങ്ങൾ വേറെ.
നിങ്ങളുടെ കൈയുംകാലും ബന്ധിച്ചു വായിൽ തുണി തിരുകിയതിനു ശേഷം ഒരുത്തൻ ഒരു ഈർച്ചവാള് കൊണ്ട് ഒഴിവാക്കേണ്ട ഭാഗം മുറിച്ചെടുക്കും. രോഗം കൊണ്ട് മരിക്കുന്നത് പോലെത്തന്നെ അന്ന് ശസ്ത്രക്രിയകളിലും മരിക്കുമായിരുന്നു. മരണസാധ്യത വളരെ കൂടുതലായിരുന്നത് കാരണം മറ്റൊന്നും ചെയ്യാനില്ലെങ്കിൽ മാത്രമെ ശസ്‌ത്രക്രിയ ചെയ്യുമായിരുന്നൊള്ളു. മിക്കവരും അതോടെ മരണപ്പെടുമായിരുന്നു.
ഇരുപതാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെ കാര്യങ്ങളാകെ മാറി. രോഗാണുക്കളെക്കുറിച്ചും അണുനാശിനികളെ കുറിച്ചും നമുക്ക് അറിവുണ്ടായി. മയക്കുമരുന്നുകളും അനസ്‌തെറ്റിക്കുകളും കണ്ടു പിടിച്ചു. പെൻസിലിൻ പോലുള്ള ആൻറിബയോട്ടിക്കുകൾ പ്രയോഗത്തിൽ വന്നു. പൊതുജനാരോഗ്യ സ്ഥിതികൾ വളരെ മെച്ചപ്പെട്ടു. ഡോക്ടർ രോഗി ബന്ധത്തിൽ മാറ്റങ്ങൾ വന്നു. നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന ഒരാൾ എന്ന നിലയിലേക്ക് ഡോക്ടർ മാറി. നിങ്ങൾ രോഗിയാണോ, കടന്നു വരൂ, ഈ മരുന്ന് കഴിക്കൂ , നിങ്ങളുടെ രോഗം മാറും. അല്ലെങ്കിൽ ഈ സർജറി ചെയ്തു തരാം, നിങ്ങൾക്ക് സുഖപ്പെടും. ഈ രീതിയിലേക്ക് കാര്യങ്ങൾ പുരോഗമിച്ചു.
1940 മുതൽ 1980 വരെ ഇത് നന്നായി നടന്നു. ജനങ്ങൾ സംതൃപ്തരായിരുന്നു. കാരണം അന്നത്തെ പ്രധാന രോഗങ്ങൾ രോഗാണുബാധ മൂലമുള്ളവയായിരുന്നു. ന്യൂമോണിയ, H pylori , ഹെപ്പറ്റൈറ്റിസ് B തുടങ്ങിയവ.
ജനങ്ങളുടെ രോഗങ്ങൾ സുഖപ്പെടുന്നുണ്ടായിരുന്നു. അതുകാരണം ശരാശരി ആയുസ് 65 നു മുകളിലെത്തി.
ചികിത്സ എന്നത് മരുന്നും ശസ്ത്രക്രിയയുമാണെന്ന അവസ്ഥയിലേക്ക് മാറി. എന്ത് രോഗത്തിനും മരുന്ന് കൊടുത്താൽ മതിയെന്നൊരു കാഴ്ചപ്പാട് നിലവിൽ വന്നു. അമിതവണ്ണമോ, മരുന്ന് തരാം. മരുന്ന് ഫലിക്കുന്നില്ലേ , എന്നാൽ സർജറി ചെയ്യാം. ഒരു ചുറ്റിക കയ്യിലേന്തിയ ഡോക്ടറെ സംബന്ധിച്ചിടത്തോളം എല്ലാ പ്രശ്നവും ഒരു ആണിയായാണ് തോന്നുക.
ആഹാരക്രമീകരണം എന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഒരു പ്രാധാന്യവുമില്ലാത്തതാണ്. തുടർന്നുള്ള പരിശീലനത്തിലും അതിനു സ്ഥാനമില്ല. നമ്മളത് പഠിച്ചില്ല, അതുകൊണ്ടു നമ്മളത് ശ്രദ്ധിച്ചില്ല. നമ്മളത് പഠിക്കാൻ ശ്രദ്ധിച്ചില്ല. ന്യൂട്രിഷൻ എന്നത് നമ്മുടെ പദാവലിയിലെ ഒരു വാക്കുപോലുമല്ല. ഒരു ഡോക്ടർ ആയതുകൊണ്ട് ഞാൻ നുട്രീഷനെ കുറിച്ച് ശ്രദ്ധിക്കേണ്ടതില്ല എന്നാണ് ബിരുദം നേടുന്ന ഓരോരുത്തരുടേയും കാഴ്ചപ്പാട്. അതൊരു നുട്രീഷനിസ്റ്റിൻ്റെ ജോലിയാണ്. ഞാൻ മരുന്ന് കൊണ്ടും ശാസ്ത്രക്രിയ കൊണ്ടുമാണ് ചികിൽസിക്കുന്നത്. രോഗാണുബാധമൂലമുള്ള രോഗങ്ങളും ശസ്ത്രക്രിയ ആവശ്യമുള്ള സംഗതികളിലും ഇത് ശരിയാണ്.
ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനമായപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. അണുബാധമൂലമുള്ള രോഗങ്ങളല്ല പുതിയ പ്രശ്നങ്ങൾ. 1970 കളുടെ അവസാനമായപ്പോളേക്ക് അമിതവണ്ണം എന്ന വിപത്താണ് ഒരു പകർച്ചവ്യാധി പോലെ വ്യാപിച്ചത്. 10 വർഷം കൂടി കഴിഞ്ഞപ്പോൾ അതേപോലെ പ്രമേഹം ഭയാനകമായ അളവിൽ വ്യാപിക്കാൻ തുടങ്ങി. നമ്മുടെ മരുന്നുകൾക്കും ശസ്ത്രക്രിയ ഉപകരണങ്ങൾക്കും കൈകാര്യം ചെയ്യാൻ പറ്റാത്ത പുതിയ യാഥാർഥ്യങ്ങൾ. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആരോഗ്യപ്രശ്നങ്ങളെ നാം ഇരുപതാം നൂറ്റാണ്ടിലെ രീതികളിലൂടെ സമീപിക്കാൻ ശ്രമിച്ചു. അവ കൂടുതലും അമിതവണ്ണവുമായി ബന്ധപ്പെട്ട മെറ്റബോളിക് തകരാറുകളായിരുന്നു. എന്നിട്ടും നമ്മൾ ശ്രമിച്ചു. പ്രമേഹത്തിനു നമ്മൾ മരുന്നുകളും ഇൻസുലിനും കൊടുത്തു. പരാജയമായിരുന്നു ഫലം. അമിതവണ്ണത്തിന് ശസ്ത്രക്രിയ ചെയ്ത് നോക്കി.ഫലമുണ്ടായി, പക്ഷെ ധാരാളം ഗുരുതരമായ പാർശ്വഫലങ്ങളും ഉണ്ടായി.
നമ്മൾ ഡോക്ടർമാർ തീർത്തും പരാജിതരായി. പ്രയോജനരഹിതമായ, ബാലിശമായ, നിസ്സാരമായ ഉപദേശങ്ങൾ കൊടുക്കുന്നതിലേക്കു നമ്മൾ ഒതുങ്ങി. “അൽപം മാത്രം ഭക്ഷിക്കുക, കൂടുതൽ വ്യായാമം ചെയ്യുക”, “ഭക്ഷണത്തിലെ കലോറികൾ കുറക്കുക”,”എല്ലാം കലോറികളുമായി ബന്ധപ്പെട്ടതാണ്” തുടങ്ങിയ ഉപദേശങ്ങൾ.
നമുക്ക് പ്രശ്നമെന്താണെന്നു മനസ്സിലായില്ല എന്നതാണ് സത്യം. അമിതവണ്ണവും ഹോർമോണുകളും തമ്മിലുള്ള ബന്ധം നമുക്ക് മനസ്സിലായില്ല. അതുകൊണ്ടു തന്നെ അതിനെ എങ്ങിനെ ചികിൽസിക്കണമെന്നും നമുക്കറിയില്ലായിരുന്നു. നമ്മിൽ ഭൂരിപക്ഷവും അടിയറവു പറഞ്ഞു. പ്രമേഹം ഒരിക്കലും സുഖപ്പെടാത്ത chronic and progressive രോഗമാണെന്ന് പറഞ്ഞു നമ്മൾ കയ്യൊഴിഞ്ഞു. അമിതവണ്ണം എന്നത് പ്രായവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്ന് നാം പറഞ്ഞു. എന്നാൽ മനുഷ്യചരിത്രത്തിലൊന്നും ഈ അളവിലും എണ്ണത്തിലും പൊണ്ണത്തടിയുണ്ടായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ രണ്ടു പ്രസ്താവനകളും പൂർണമായും തെറ്റാണ്. ശരീരഭാരം കുറക്കുമ്പോൾ പ്രമേഹം സുഖപ്പെടുന്നുണ്ട്. നമ്മൾ രോഗികളോട് ഭാരം കുറക്കാൻ പറയുന്നു. പക്ഷെ എങ്ങിനെ കുറക്കണമെന്നു പറയുന്നില്ല.
0 Comments