ഡോ . നാദിയ , IDM ക്ലിനിക്, ടോറണ്ടോ

Dr. Nadia, PCOS specialist, IDM Clinic, Toranto

 

ഗർഭധാരണത്തെ സഹായിക്കുന്ന  ഡോക്ടർ എന്ന നിലക്കാണ് ഞാൻ അറിയപ്പെടുന്നത്. എല്ലാവരും   പറയും, ഗർഭം ധരിക്കണമെന്ന ആഗ്രഹമില്ലെങ്കിൽ ആ ഡോക്ടറുടെ അടുത്ത്‌ പോകരുതെന്ന്.

എൻ്റെ പേര് ഡോക്ടർ നാദിയ പാറ്റി ഗുഹാന . പ്രകൃതി ചികിത്സയിൽ 15 വർഷത്തെ പരിചയമുണ്ട്. സന്താനഭാഗ്യമില്ലാതിരുന്ന ധാരാളം ദമ്പതിമാർക്ക് അത്ഭുതകരമായ ഫലങ്ങൾ ഉണ്ടായിട്ടുണ്ട് ഈ ചികിത്സയിലൂടെ.  

എൻ്റെ പ്രാക്‌റ്റീസിൻ്റെ  ആദ്യ കാലത്തു മൊസാമ്പിക്കിലെ ഒരു ചെറിയ സമൂഹത്തിലാണ് ഞാൻ പ്രവർത്തിച്ചിരുന്നത്. ആ സമയത് സൗത്ത് ആഫ്രിക്കക്കാരിയായ ചാരിസ്‌ എന്ന യുവതിയെ അമിതഭാരം കുറക്കാൻ വേണ്ടി ഞാൻ ചികിൽസിച്ചിരുന്നു.   ഏതാനും മാസങ്ങൾക്കു ശേഷം അവർ അവരുടെ ഭർത്താവിനോടൊപ്പം എന്നെ കാണാൻ വന്നു. വിവാഹം കഴിഞ്ഞു 6 വർഷമായിട്ടും അവർക്കു സന്താനഭാഗ്യമില്ലായിരുന്നു. ഒട്ടനവധി പ്രാവശ്യം അവർ IVF ചെയ്തു നോക്കിയിരുന്നെങ്കിലും നിഷ്‌ഫലമായിരുന്നു. ഇനിയൊരിക്കലും സ്വന്തമായി കുട്ടികളുണ്ടാകില്ലെന്ന ബോധ്യത്തിൽ അവർ ഒരു കുട്ടിയെ ദത്തെടുക്കുയും ചെയ്തിരുന്നു.   എന്നാൽ ഏതാനും മാസത്തെ എൻ്റെ ചികിത്സയിലൂടെ ഗർഭം ധരിച്ച സന്തോഷവാർത്ത അറിയിക്കാനാണ് അവർ വന്നത്.

കഴിഞ്ഞ മൂന്നു മാസമായി ചാരിസ്‌ അന്നജങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. അവർ  ധാരാളമായി കഴിച്ചിരുന്ന മധുരപാനീയങ്ങളും ചോക്ലേറ്റുകളും പഴങ്ങളുമെല്ലാം മാറ്റി നിർത്തിയിരുന്നു. വളരെ കണിശമായ ലോ കാർബ്‌ ഡയറ്റ് ആണ് അവർക്കു ഞാൻ നിർദേശിച്ചിരുന്നത്. കൂടുതൽ ബട്ടർ, ഒലിവു ഓയിൽ, വെളിച്ചെണ്ണ, മുട്ട, അവകാഡോ  എന്നിവയാണ് കഴിച്ചിരുന്നത് .

ചാരിസിൻ്റെ  ഭർത്താവ് ജോഹാന് ഈ ഡയറ്റും പെട്ടെന്നുള്ള ഈ ഗർഭധാരണവും തമ്മിലുള്ള കാര്യകാരണബന്ധം   അറിയാൻ താൽപര്യമുണ്ടായിരുന്നു . എന്നാൽ അന്ന് എനിക്ക് തന്നെ അത് അറിയില്ലായിരുന്നു. ആ അറിവില്ലായ്മ എനിക്ക് പ്രശ്നമല്ലായിരുന്നു.കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്.പിന്നീട് വരുന്ന രോഗികളോട് ഈ കേസ് ഞാൻ പറയും. ഡയറ്റിലൂടെ ഭാരം കുറച്ചാൽ ഗർഭം ധരിക്കാൻ സാധ്യതയുണ്ടെന്നാണു ഞാൻ അവരോടു പറഞ്ഞത്.

ചാരിസിന്റെ അസുഖം PCOS ആയിരുന്നു. അന്ന് അത് അറിയാനുള്ള ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലായിരുന്നു എന്നത് ശരിയാണ്. ഈ രോഗത്തിൻ്റെ പ്രധാനകുഴപ്പം അനപത്യത തന്നെയാണ്. കുടുംബം എന്നത് നമ്മുടെ അടിസ്ഥാന ആവശ്യമാണ്.സ്വന്തമായി സന്താനങ്ങളുണ്ടാവുന്നത് ആരുടേയും സ്വപ്നമാണ്.

അനപത്യതയുടെ പ്രധാനകാരണം PCOS തന്നെയാണ്. ഗർഭധാരണ സാധ്യതയുള്ള പ്രായത്തിലുള്ള 20 % സ്ത്രീകളിൽ PCOS ഉള്ളതായി കണക്കാക്കപ്പെടുന്നു. PCOS ഉള്ള സ്ത്രീകളിൽ 40 % പേർ വന്ധ്യതയുള്ളവരാണ്.

PCOD

 

വന്ധ്യതാ ക്ലിനിക്കുകൾ സന്ദർശിക്കുന്ന  അണ്ഡോല്പാദനം നടക്കാത്ത സ്ത്രീകളിൽ 95% നും PCOS ഉണ്ട്.

PCOS നോടുള്ള എൻ്റെ താൽപര്യം തൊഴിൽപരം എന്നതിലുപരി വ്യക്തിപരമാണ്. ചെറുപ്പത്തിൽ ആമാശയസംബന്ധമായ രോഗങ്ങളുള്ള ഒരാളായിരുന്നു ഞാൻ. ആധുനിക വൈദ്യത്തിൽ വളരെ കാലത്തെ ചികിത്സക്ക് ശേഷവും യാതൊരു ഫലവും കിട്ടാതിരുന്ന എനിക്ക് പ്രകൃതി ചികിത്സ  കൊണ്ട് നല്ല ഫലം കിട്ടി. അങ്ങിനെയാണ് ഞാൻ പ്രകൃതി ചികിത്സയിൽ തല്പരയായത് . Canadian College of Naturopathic Medicine ൽ നിന്ന് ബിരുദമെടുത്തു തിരിച്ചു മൊസാമ്പിക്കിലേക്കു തന്നെ മടങ്ങി. ആരോഗ്യമന്ത്രാലയത്തിനു കീഴിൽ പ്രവർത്തിച്ചു ജനസേവനം നടത്തണമെന്നായിരുന്നു എൻ്റെ ഉദ്ദേശം. എന്നാൽ അത് നടന്നില്ല. പകരം എനിക്ക് ചികിത്സ നടത്താനുള്ള ലൈസൻസ് അവർ തന്നു.

എന്നാൽ അത്ഭുതകരമെന്നു പറയട്ടെ , ആറു  മാസം കഴിഞ്ഞപ്പോഴേക്കും എന്റെ ക്ലിനിക്കിൽ ആള് നിറഞ്ഞു. മൊസാമ്പിക്കിലെ ഗ്രാമങ്ങൾ അങ്ങേയറ്റത്തെ ദാരിദ്ര്യത്തിലും പട്ടിണിയിലുമാണെങ്കിലും പട്ടണങ്ങളിൽ അമിതഭക്ഷണം കാരണമായുള്ള രോഗികളായിരുന്നു കൂടുതൽ. പാശ്ചാത്യൻ രോഗങ്ങൾ എന്നറിയപ്പെടുന്ന പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം എന്നിവയൊക്കെ തന്നെയാണ് അവർക്കുണ്ടായിരുന്നത്. കാരണം പട്ടണവാസികളുടെ ഭക്ഷണം തീർത്തും പാശ്ചാത്യവത്കരിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഒരു ന്യൂട്രീഷനിസ്റ്റിൻ്റെ ആവശ്യമായിരുന്നു അവർക്കുണ്ടായിരുന്നത്. എന്നാൽ ആ വിഷയത്തിൽ എനിക്ക് മതിയായ പഠനവും  അറിവും ഇല്ലായിരുന്നു. ഒരു പ്രകൃതി ചികിത്സകയെന്ന നിലയിൽ പക്ഷെ രോഗികൾ എന്നിൽ നിന്ന് അത്തരം നിർദേശങ്ങൾ പ്രതീക്ഷിച്ചിരുന്നു. അതിനാൽ ഞാൻ അക്കാര്യത്തിൽ സ്വന്തമായി പഠിക്കുകയും എൻ്റെതായ ചില ഭക്ഷണരീതികൾ അവരോടു നിർദേശിക്കുകയും ചെയ്തു. ഏതായാലും അവയെല്ലാം രോഗികൾക്ക് ആശ്വാസം നൽകിയിരുന്നു.

ഞാൻ ചെറുപ്പം മുതലേ മെലിഞ്ഞിട്ടായിരുന്നു. എൻ്റെ  മെലിഞ്ഞ ശരീരം കണ്ട രോഗികളെല്ലാം തന്നെ കരുതിയത് ഞാൻ അവർക്കു നിർദേശിക്കുന്ന ഡയറ്റ് തന്നെയാണ് ഞാൻ സ്വീകരിച്ചത്   എന്നും അതിനാലാണ്‌ മെലിഞ്ഞിരിക്കുന്നത് എന്നുമായിരുന്നു. എന്നാൽ സത്യം വളരെ വിദൂരമായിരുന്നു. ഞാൻ ഒട്ടും ആരോഗ്യകരമല്ലാത്ത  ഭക്ഷണമാണ് കഴിച്ചിരുന്നത്. ജനിതകമായ കാരണങ്ങളാലാണ് ഞാൻ മെലിഞ്ഞു പോയത്. മാത്രമല്ല വളരെ ചെറിയ അളവിലെ ഞാൻ ഭക്ഷിച്ചിരുന്നുള്ളൂ.

മാംസവും പച്ചക്കറികളും എനിക്ക് ഇഷ്ടമല്ലായിരുന്നു. എന്തെങ്കിലും എപ്പോഴും കൊറിച്ചു കൊണ്ട് നടക്കുന്ന സ്വഭാവമായിരുന്നു. മിട്ടായികൾ , പഴങ്ങൾ, ബ്രഡ് , അതിമധുരമുള്ള  കോഫി,കൊക്കക്കോള എന്നിവയായിരുന്നു എൻ്റെ ഇഷ്ടഭോജ്യങ്ങൾ. ഇടയ്ക്കിടെ ധാരാളമായി മധുരം കഴിക്കുന്നത് കാരണം എനിക്ക് മെറ്റബോളിക് സിൻഡ്രോം ഉണ്ടാവുമെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

30 വയസ്സായപ്പോഴേക്കും ഞാൻ മൊസാംബിക് മുഴുവൻ അറിയപ്പെടുന്ന ഡയറ്റിഷ്യൻ ആയിക്കഴിഞ്ഞിരുന്നു. ഡോക്ടർ നാദിറയേ എല്ലാവർക്കും അറിയാമായിരുന്നു. ധാരാളം ആൾക്കാരുടെ അമിത വണ്ണവും പ്രമേഹവും സുഖപ്പെടുന്നുണ്ടായിരുന്നു. പക്ഷെ എൻ്റെ ഭക്ഷണം പഴയപോലെ തന്നെ ആയിരുന്നു.

2008 മുതൽ ഞങ്ങൾ ഗർഭധാരണത്തിന് ശ്രമിച്ചു തുടങ്ങി. ഒരു വർഷം  കഴിഞ്ഞിട്ടും ഫലമൊന്നും കാണാതായപ്പോൾ ഞാൻ വന്ധ്യയാണോ എന്നു സന്ദേഹിച്ചു  തുടങ്ങി.

2010  ഓടെ ഞാൻ ഏകദേശം 15 കിലോ ഭാരം  കൂടി. അപ്പോഴും എൻ്റെ BMI ആരോഗ്യകരമായ നിലയിൽ തന്നെ ആയിരുന്നു.മുഖക്കുരുകൾ  വർധിച്ചു, മുടി കൊഴിയാൻ തുടങ്ങി. രക്തം പരിശോധിച്ചപ്പോൾ ആൻഡ്രോജൻ നന്നായി കൂടിയിട്ടുണ്ട്. അണ്ഡാശയത്തിൽ ചെറിയ മുഴകളുള്ളതായി സ്കാൻ ചെയ്തപ്പോൾ കണ്ടു. ആർത്തവം നിന്ന് പോയിരുന്നു. ഞാനിനി ഗർഭം ധരിക്കില്ല എന്ന് മനസ്സിലായി.അതെ, എനിക്ക് PCOS പിടിപെട്ടിരിക്കുന്നു.

ഞാൻ അമിതഭാരം ഇല്ലാത്ത ആളായത് കൊണ്ട്  ഡോക്ടർ മറ്റു ലക്ഷണങ്ങളെല്ലാം അവഗണിച് എനിക്ക് clomid എന്ന പ്രതുല്പാദനശേഷി വർധിപ്പിക്കാനുള്ള മരുന്ന് തന്നു. അങ്ങേയറ്റത്തെ സങ്കടത്തോടെയാണ് ഞാൻ വീട്ടിലേക്കു മടങ്ങിയത്. നിരാശയും ആത്മനിന്ദയും എല്ലാം ചേർന്ന ആ അന്ധകാരത്തിൽ എൻ്റെ  ഭർത്താവ്‌ എനിക്ക് പൂർണ പിന്തുണയുമായി കൂടെ നിന്നു. നമ്മൾ ഇതിനെ മറികടക്കുമെന്നു അദ്ദേഹം എനിക്ക് ഉറപ്പു തന്നു. അങ്ങിനെയാണ് ഞാൻ കാര്യങ്ങൾ എൻ്റെ കൈയിലെടുക്കാൻ തീരുമാനിച്ചത്.

ഇത്രയും കാലത്തെ ക്ലിനിക്കൽ പരിചയത്തിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം, ഞാൻ നിർദേശിക്കുന്ന ഡയറ്റ് വഴി ഭാരം കുറയുന്നു എന്നും ഗർഭധാരണം നടക്കുന്നു എന്നുമായിരുന്നു. ഞാനും സ്വയം അതൊന്നു പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു. ആ ഡയറ്റിൻ്റെ  പേരാണ് ketogenic diet അതായത് അന്നജങ്ങൾ അങ്ങേയറ്റം കുറഞ്ഞ ഭക്ഷണരീതി. ചോക്ലേറ്റ്, ബ്രഡ് , കൊക്കോകോള ഒന്നുമില്ല .

ആദ്യമാസം തന്നെ രണ്ടര കിലോ ഭാരം  കുറഞ്ഞു. മുഖക്കുരുകൾ അപ്രത്യക്ഷമായി. .ആർത്തവമുണ്ടായി. അതെ എൻ്റെ അണ്ഡോൽപാദനം പുനരാരംഭിച്ചു. പ്രെഗ്നൻസി ടെസ്റ്റ് നടത്തുന്നതിൻ്റെ തലേ രാത്രി ഞാൻ   മുട്ടിപ്പായി പ്രാർത്ഥിച്ചു. എനിക്ക് ഒരു കുട്ടി വേണം എന്ന് മാത്രമായിരുന്നു പ്രാർത്ഥന. രാവിലെ ടെസ്റ്റ് ചെയ്തു. റിസൾട്ട് വരാൻ വേണ്ടിയുള്ള ആ 30 സെക്കൻഡ് !

അതെ, ഞാൻ ഗർഭിണിയായിരിക്കുന്നു ! എനിക്ക് ഏറ്റവും വിലപ്പെട്ട സമ്മാനം ലഭിച്ചിരിക്കുന്നു. ഇതിനായിരുന്നു ഇത്രയും കാലം ഞാൻ കാത്തിരുന്നത്.

എന്നാൽ ഡയറ്റിൻ്റെ പ്രസക്തിയെക്കുറിച്ചു  അപ്പോഴും ശരിയായ അറിവ് ലഭിച്ചിട്ടില്ലാത്ത ഞാൻ വീണ്ടും പഴയ ഭക്ഷണത്തിലേക്കു തന്നെ തിരിച്ചു പോയി. രക്താതിസമ്മർദ്ദം, കരൾ  സംബന്ധമായ അസുഖങ്ങൾ തുടങ്ങി ധാരാളം ഗർഭകാല അസുഖങ്ങൾ എന്നെ ബാധിച്ചു. അവസാനം അതൊരു സിസേറിയനിൽ അവസാനിച്ചു.

സുന്ദരിയായ സിൻസി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ബ്ലഡ് പ്രഷറും പ്രസവാനന്തര വിഷാദവുമെല്ലാം എൻ്റെ ആരോഗ്യത്തെ ബാധിച്ചു. ഗർഭകാലത്  കഴിച്ച മരുന്നുകൾ കാരണം എൻ്റെ ഭാരം വീണ്ടും 10 കിലോ കൂടി.

രണ്ടു വർഷത്തിന് ശേഷം അണ്ഡാശയമുഴ വലുതായി പൊട്ടിയപ്പോൾ ഒരു അണ്ഡാശയം എടുത്തു കളയേണ്ടി വന്നു. അടുത്ത കുട്ടിക്കായുള്ള ആഗ്രഹം വീണ്ടും പഴയ മാനസികാവസ്ഥയിലേക്ക് എന്നെ കൊണ്ടുപോയി. അപ്പോഴും ഭക്ഷണരീതി മാറ്റാൻ  ഞാൻ തയ്യാറായിട്ടില്ലായിരുന്നു.

അങ്ങിനെ എൻ്റെ  സുഹൃത്തും ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ കരോലീനയെ സന്ദർശിച്ചു. പരിശോധനകൾക്കു ശേഷം അവൾ തുറന്നടിച്ചു പറഞ്ഞു: നീയെന്തു മരുന്നു കുടിച്ചാലും ഗർഭം ധരിക്കില്ല. നീ ഇൻസുലിൻ റെസിസ്റ്റൻറ് ആയിരിക്കുന്നു.

ആ നിമിഷം വരെ ഇൻസുലിൻ റെസിസ്റ്റൻസും PCOS ഉം തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ലായിരുന്നു. അവൾ പറഞ്ഞത് ശരിയായിരുന്നു. അത് വരെ എനിക്ക് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു, ഡയറ്റുമില്ലായിരുന്നു. അവളതു മാറ്റി മറിച്ചു. വിശ്വസിക്കുക, ഒരു മാസം കൊണ്ട് ഞാൻ ഗർഭം ധരിച്ചു. പിന്നെയും കുറെ കഴിഞ്ഞാണ് ഞാൻ മനസ്സിലാക്കിയത്, ലോ കാർബ്‌ ഡയറ്റ് ഇൻസുലിൻ ഉൽപാദനം കുറക്കുമെന്നും അതിലൂടെ ഇൻസുലിൻ്റെ പ്രവർത്തനക്ഷമത വർധിക്കുമെന്നും അതിലൂടെ എൻ്റെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമുണ്ടാകുമെന്നും.

PCOS ഉള്ള എല്ലാ സ്ത്രീകളും അമിതഭാരമുള്ളവരായിരിക്കണമെന്നില്ല. അതേപോലെ അമിതവണ്ണമുള്ള സ്ത്രീകൾക്കെല്ലാം PCOS ഉണ്ടാകണമെന്നുമില്ല. ഏതായാലും ഞാനൊരു കർശനമായ ലോ കാർബ്‌ ഡയറ്റിലേക്കു മാറി. രണ്ടു മാസം കഴിഞ്ഞു സൂരി ജനിച്ചു. എൻ്റെ  അമിതഭാരമെല്ലാം പോയി, മരുന്നുകളെല്ലാം നിർത്തി, ചർമമെല്ലാം സുന്ദരമായി.PCOS ൻ്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമായി. അതോടൊപ്പം എന്നെ പ്രയാസപ്പെടുത്തിയിരുന്ന ആമാശയരോഗങ്ങൾ, ഭക്ഷണത്തോടുള്ള ആർത്തി, ഭാവവൈകല്യങ്ങൾ എന്നിവയും അപ്രത്യക്ഷമായി. കണിശമായ ലോ കാർബ്‌ ഡയറ്റും ഇടവിട്ട ഉപവാസവുമാണ് എനിക്ക് ഈ നേട്ടങ്ങളുണ്ടാക്കിയത്.

വളരെ പ്രയാസങ്ങൾ നേരിട്ടാണെങ്കിലും ധാരാളം അറിവുകൾ ഞാൻ നേടി . എല്ലാമറിയുമെന്നു ഞാൻ അവകാശപ്പെടുന്നില്ലെങ്കിലും എനിക്കറിയാവുന്ന,  നേരിട്ടനുഭവിച്ച കാര്യങ്ങളാണ് ഞാനിവിടെ രേഖപ്പെടുത്തിയത്. അനപത്യതയുടെ ദുഃഖവും നിരാശയും പേറുന്ന ഏവർക്കും ഇത് ഉപകാരപ്പെടുമെന്നു ഞാൻ പ്രത്യാശിക്കുന്നു. സ്ത്രീകൾക്ക് സന്താനോല്പാദനത്തിന്നു സഹായിക്കുക എന്നത് മാത്രമല്ല എൻ്റെ ലക്ഷ്യം മറിച്ചു , പ്രകൃതിദത്തമായ ഭക്ഷണത്തിലൂടെ അവരുടെ ഭാരം കുറക്കലും ആരോഗ്യം വർധിപ്പിക്കലുമാണ്.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *